KeralaNews

ഒടുവില്‍ പൂട്ട് വീണു; നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന കണ്ണൂര്‍ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് നിഹാലിനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്ത ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്‌സോ കേസുകള്‍ തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നിലവിലുള്ളത്. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒട്ടേറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഒരു യൂട്യൂബറാണ് തൊപ്പി. ഗെയിമിങ് വീഡിയോകളിലൂടെയും വ്‌ലോഗുകളിലൂടെയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും തൊപ്പിയുടെ വീഡിയോകളുടെ കാഴ്ചക്കാര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇദ്ദേഹം യൂട്യൂബില്‍ ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. വീഡിയോകളില്‍ സ്ഥിരമായി അശ്ലീല പദങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടിട്ടുള്ളത്. ഇത്തരം കണ്ടന്റുകള്‍ കുട്ടികളില്‍ മോശം സ്വാധീനം ചെലുത്തുന്നു എന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button