
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് കരൂർ സന്ദർശിക്കും. സെപ്റ്റംബറിലെ ടിവികെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. ചെന്നൈയിൽ നിന്ന് രാവിലെ ഒൻപതരയ്ക്ക് പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം റോഡ്ഷോ ആയി കരൂരിലേക്ക് എത്തും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാണ്. ദുരന്തത്തിൽ മരിച്ചവരിൽ 32 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറും.
രാവിലെ 10.40ന് തിരുച്ചിറപ്പള്ളിയിൽ വിമാനം ഇറങ്ങുന്ന വിജയ്, 10 കിലോമീറ്റർ റോഡ്ഷോയിൽ പങ്കെടുക്കും. തുടർന്ന് കൃഷ്ണരായപുരത്ത് 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചെരുപ്പ് നിർമാണ ഫാക്ടറിക്ക് തറക്കല്ലിടും.തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. സർക്കാർ ജോലി നൽകുന്നതിൽ കൃത്യമായ ചട്ടങ്ങൾ ഉണ്ടാകണമെന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ക്രമീകരിച്ചു നൽകുന്നത് പോലെയല്ല സർക്കാർ നിയമനമെന്നും ഇടതു പാർട്ടികൾ വിമർശിച്ചു. ഡിഎംകെയും വിജയ്ക്കെതിരെ വിമർശനവുമായി എത്തി.
നേരത്തേ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതവും നൽകിയിരുന്നു. വിജയ്ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. കരൂർ ദുരന്തത്തിൽ പ്രതികളായവരിൽ ചിലർ ഇന്ന് തമിഴ്നാട് സർക്കാരിലെ മന്ത്രിമാരാണ്. അതിനാൽ അവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ കോടതിയിൽ പോയിരുന്നു.



