KeralaNews

കരുണാകരന്‍ സോണിയയുമായി അകലാന്‍ കാരണം പത്മജ: പ്രൊഫ. കെ.വി. തോമസ്

2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്ന കെ. കരുണാകരന്റെ ആഗ്രഹമാണ് സോണിയ ഗാന്ധിയുമായുള്ള അകൽച്ചയ്ക്ക് പ്രധാന കാരണമെന്ന് പ്രൊഫ. കെ.വി. തോമസ്. ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന ആത്മകഥാ പുസ്തകത്തിലാണ് കെ.വി. തോമസിന്റെ വെളിപ്പെടുത്തൽ.

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർഥിയാക്കാൻ കരുണാകരൻ ആഗ്രഹിച്ചിരുന്നു. കരുണാകരനുവേണ്ടി താനാണ് ഇക്കാര്യം സോണിയയുടെ മുമ്പിൽ അവതരിപ്പിച്ചത്. എന്നാൽ എന്തിനാണ് പിൻവാതിലിലൂടെ പത്മജയെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു സോണിയ ഈ ആവശ്യത്തോട് പ്രതികരിച്ചത്. ഇതോടെയാണ് കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായത്. കൂടാതെ അതേവർഷം തന്നെ കരുണാകരന്റെ മകൻ കെ. മുരളീധരനെ കെ.പി.സി.സി അധ്യക്ഷനാക്കുന്നതിനോടും സോണിയ ഗാന്ധിക്ക് താൽപര്യം ഇല്ലായിരുന്നു. എന്നാൽ, അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ നിലനിൽപ്പ് കണക്കിലെടുത്ത് സോണിയ സമ്മതിക്കുകയായിരുന്നെന്നും കെ.വി. തോമസ് പുസ്തകത്തിൽ പറയുന്നു.

അതേസമയം ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പുസ്തകമെന്നും തന്റെ ജീവിതത്തിന്റെ ചരിത്രമാണ് എഴുതിയതെന്നും കെ.വി. തോമസ് പറഞ്ഞു. എന്റെ ജീവിതത്തിന്റെ ചരിത്രമാണ് എഴുതിയത്. എല്ലാ ദിവസവും താന്‍ അനുഭവങ്ങള്‍ ഡയറിയില്‍ കുറിച്ചു വെയ്ക്കാറുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ പലപ്പോഴായി പല പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളായി എഴുതിയ കാര്യങ്ങളാണ്. അതെല്ലാം കൂട്ടിച്ചേര്‍ത്ത് പുസ്തകമാക്കിയതാണ്. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും കെ.വി. തോമസ് പറഞ്ഞു. പുസ്തകത്തെപ്പറ്റി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.വി. തോമസിന്റെ പ്രതികരണം.

അതേസമയം കെ.വി. തോമസിന്റെ അവകാശവാദത്തെ ശക്തമായി എതിർത്ത് പത്മജ രംഗത്തെത്തി. കെ.വി. തോമസിന്റെ പുസ്തകത്തിൽ പറയുന്നതെല്ലാം തെറ്റാണ്. സ്ഥാനാർഥിയാക്കുന്നതിനോട് സോണിയ ഗാന്ധിക്ക് ഒരു എതിർപ്പുമുണ്ടായിരുന്നില്ലെന്നും പത്മജ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button