
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി.
രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ചർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. പുതിയ മേഖലകളിലേക്ക് കയറ്റുമതി സാധ്യത തേടും. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കും. മന്ത്രിമാരുടെ സമിതിയും സെക്രട്ടറിമാരുടെ സമിതിയും രൂപീകരിക്കാനും പ്രധാനമന്ത്രി വിളിച്ച ഉന്നത യോഗം തീരുമാനിച്ചു. എൽ പി ജി വിതരണത്തിൽ അടക്കം സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും വിലയിരുത്തിയെന്നാണ് സൂചന.
അമിത് ഷാ, രാജ് നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ, ജെ പി നദ്ദ, നിർമ്മല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങി പതിമൂന്ന് കേന്ദ്ര മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു. പെട്രാളിയം, രാസവളം മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ഉന്നത തല യോഗത്തിന് ശേഷം സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗവും ചേർന്നു. പശ്ചിമേഷ്യയിലെ ഇറാൻ – അമേരിക്ക – ഇസ്രയേൽ യുദ്ധം ഉടൻ തീരില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഈ വിപുലമായ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയത്.



