
ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്‍പ്പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്‍പ്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.
കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് നാല് സ്കൂള്‍ നോട്ടുബുക്കുകളിലായിട്ടാണെന്നും അതില്‍ മുഴുവന്‍ വെട്ടലും തിരുത്തലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്‍പ്പന സുതാര്യത ഉറപ്പ് വരുത്താന്‍ ഓഡിറ്റ് വിഭാഗം 9 നിര്‍ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.


