
സംസ്ഥാനത്തെ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമുള്ള പട്ടികയാണ് പുറത്തുവിടുക. കരട് വോട്ടർ പട്ടികയിൽ 2.54 കോടി വോട്ടർമാരാണുള്ളത്.
ഹിയറിങ്ങിന് ശേഷം വിവിധ കാരണങ്ങളാൽ 39,000ത്തിൽ അധികം പേരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായത്. 24 ലക്ഷത്തിലധികം പേർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും പുറത്തായിരുന്നു. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ചതിന് ശേഷം ഉള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
അതേസമയം എസ്ഐആറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ചേരും. മാസങ്ങൾ നീണ്ട എസ്ഐആർ പുരോഗതി വിശദീകരിക്കുന്നതിനായാണ് യോഗം ചേരുക. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. നാളെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ, യോഗത്തിൽ പ്രതിനിധികള്‍ തങ്ങളുടെ ആശങ്കകൾ പങ്കുവെക്കാനുള്ള സാധ്യത കൂടുതലാണ്.



