
കേരള സർവകലാശാലയുടെ നിർണായ സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സർവ്വകലാശാല ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുക. സർവ്വകലാശാലയിലെ യുവജനോത്സവവുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ചയാകും.
കലോത്സവം നടത്തുന്നതിന് വൈസ് ചാനസലർ മോഹനൻ കുന്നുമ്മൽ ഫണ്ട് അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് സർവകലാശാലാ യൂണിയനും എസ്എഫ്ഐയും നേരത്തെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. മോഹനൻ കുന്നുമ്മലിന്റെ വിദ്യാർഥിദ്രോഹ നടപടികൾക്കെതിരെ ആയിരുന്നു പ്രതിഷേധം. തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഈ വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്. കൂടാതെ സർവകലാശാല രജിസ്ട്രാർ സ്ഥാനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധിയും യോഗത്തിൽ ഇടത് അംഗങ്ങൾ ഉന്നയിക്കും. നേരത്തെ സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറായി നിശ്ചയിച്ച സാം കെ സോളമനെ വിവിധ അയോഗ്യതകൾ ചൂണ്ടിക്കാട്ടി വി സി ഒഴിവാക്കിയിരുന്നു. ഈ വിഷയത്തിലും യോഗത്തിൽ ചർച്ച ഉയരാൻ സാധ്യത ഉണ്ട്.



