
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കും. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്തനഗേശ്വർ ആണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍ ഇതിലുണ്ടാകും.
അതേസമയം ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച ആണെങ്കിലും അന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ ആണ് കേന്ദ്ര തീരുമാനം. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന 9ാമത്തെ ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റ് അവതരണത്തിന് ഉണ്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൻ്റെ ദീർഘകാല ആവശ്യങ്ങൾ ആയ എയിംസ്, ശബരി റെയിൽ ഉൾപ്പെടെ പ്രഖ്യാപിക്കണമെന്നും, കേരളത്തിന് നൽകേണ്ട തുകയിൽ കേന്ദ്ര സർകാർ തടഞ്ഞുവെച്ച 17000 കോടിയോളം തുക പ്രത്യേക ഗ്രാൻഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.



