
വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിംള്‍ ബെഞ്ച് ഉത്തരവിനു മുന്‍പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചത്.
ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ ഒരുങ്ങിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


