
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുൻപിൽ ഹാജരാകും. ഇന്ന് രാവിലെ 11 മണിയോടെ ചെന്നൈയിലെ സിബിഐ ആസ്ഥാനത്ത് അദ്ദേഹം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് സിബിഐ വീണ്ടും വിജയിയെ വിളിച്ചുവരുത്തുന്നത്.
കഴിഞ്ഞ തവണ ഹാജരായപ്പോൾ നൽകിയ ചില മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ടാമതും ഹാജരാകാൻ നോട്ടീസ് നൽകിയത്. തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ പ്രമാണിച്ച് ഹാജരാകാൻ വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മൊഴിയെടുപ്പ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
അപകടവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങൾ അടങ്ങിയ ബുക്ക്ലെറ്റ് ആണ് കഴിഞ്ഞ തവണ സിബിഐ വിജയ്ക്ക് നൽകിയത്. ഉത്തരങ്ങൾ ഇംഗ്ലീഷിൽ രേഖപ്പെടുത്തുന്നതിനായി ഒരു സ്റ്റെനോഗ്രാഫറുടെ സഹായവും അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നു. ഈ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ വിവരശേഖരണമാകും ഇന്ന് നടക്കുക.


