
ശബരിമല സ്വർണ്ണ മോഷണ കേസിൽ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ സർക്കാർ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചു മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് SIT ഇന്ന് കോടതിയിൽ ഹാജരാക്കും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്കോ ജയിലിലേക്കോ മാറ്റണമോ എന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുക.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ പന്ത്രണ്ടാമത്തെ അറസ്റ്റാണിത്. പിന്നാലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കി.
14 ദിവസത്തേക്കാണ് ശങ്കര ദാസിനെ റിമാൻഡ് ചെയ്തത്. നിലവിൽ ഐസിയുവിൽ കഴിയുന്ന ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ തന്ത്രിയ്ക്കായി SIT ഉടൻ കസ്റ്റഡി അപേക്ഷ നൽകും.



