
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തില്‍ വീണ്ടും പിണറായി വിജയന് തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാര്‍ട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും.
ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച സമാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനവും ചര്‍ച്ചയാവും. ദേശീയ രാഷ്ട്രീയ സാഹചര്യവും അവലോകനം ചെയ്യുമെന്ന് സിപിഎം വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊണ്ട് സിപിഐഎമ്മിന്റെയും സിപിഐയുടെയും ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി. നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളെ നേരിട്ട് കേള്‍ക്കുന്ന പരിപാടി ഒരാഴ്ച നീണ്ടുനില്‍ക്കും. തദ്ദേശ തരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് എല്‍ഡിഎഫിനെ എത്തിക്കുക എന്നുള്ളതാണ് ഗൃഹസന്ദര്‍ശന പരിപാടിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ നയങ്ങളും ഭരണനേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കും. തിരുവനന്തപുരം മണ്ണന്തലയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പരിപാടിക്ക് നേതൃത്വം നല്കി.



