
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വൈദ്യ പരിശോധനയ്ക്ക് രാജീവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെയാണ് ജയിലില്‍ വെച്ച് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതടക്കം അറിയുന്നതിന് വേണ്ടിയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെയാണ് കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്ത രാജീവരെ ഇന്നലെ രാത്രി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.
കേസില്‍ അറസ്റ്റിലായ കണ്ഠരര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കടത്തിയ കേസിലാണ് ഇപ്പോള്‍ കണ്ഠരര് രാജീവര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കട്ടിളപ്പാളി കൊണ്ട് പോകാന്‍ തന്ത്രി ഒത്താശ ചെയ്തു, ആചാര ലംഘനത്തിന് കൂട്ട് നിന്നു തുടങ്ങിയ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
കട്ടിളപ്പാളി കൊണ്ട് പോകാന്‍ പോറ്റിക്കും മറ്റ് പ്രതികള്‍ക്കും മൗനാനുവാദം നല്‍കി. ആചാരങ്ങള്‍ പാലിച്ചില്ല. ചട്ടലംഘനം ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് നോട്ടീസില്‍ എസ്ഐടി ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളി കേസില്‍ 13-ാം പ്രതിയാക്കിയാണ് കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും എസ്‌ഐടി വ്യക്തമാക്കുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.



