KeralaNews

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം; ഇന്ന് എൽഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ ഡി എഫ്. ഇന്ന് സംസ്ഥാനത്താകെ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടക്കും. പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ്‌ മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ്‌ പദ്ധതി.

ഇ‍തിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട്‌ നിയന്ത്രിതമായ തൊഴിൽ അവകാശത്തെ പോലും നിഷേധിക്കുന്നതാണ്‌ പുതിയ ബില്ല്‌. ആവശ്യത്തിന്‌ ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ്‌ പദ്ധതിയെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതേസമയം, കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ഇരു സഭകളിലും പാസായ ബില്ലിൽ ഇന്നലെ രാഷ്‌ട്രപതി ഒപ്പുവച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ പേരുൾപ്പെടെ മാറ്റിയാണ് കേന്ദ്രം പദ്ധതിയെ പൊളിച്ച് പണിതത്. പദ്ധതിയിൽ നിന്നും മഹാത്മ​ഗാന്ധിയുടെ പേര് നീക്കി വിബി ജി റാംജി എന്നാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നതും സംസ്ഥാനങ്ങൾക്ക് അധിക ചെലവുണ്ടാക്കുന്നതുമാണ് പുതിയ നിയമം. പുതിയ ഭേദഗതി നടപ്പിലാകുന്നതോടെ കേരളത്തിന് 2000 കോടിയുടെ അധികഭാരമാണ് ഉണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button