
ശൈത്യതരംഗം പോലെ കൊടുംതണുപ്പ് ആഞ്ഞുവീശിയതോടെ മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. മഞ്ഞും പുകയും ചേർന്ന അന്തരീക്ഷത്തെ തകർത്ത് സൂര്യകിരണങ്ങളും ഭൂമിയിലേക്ക് എത്തുന്നില്ല. പകൽ സമയം മൂടിക്കെട്ടിയ അന്തരീക്ഷമാണ്. താപനില ശരാശരി 16.9 ഡിഗ്രിയായി കുറഞ്ഞു.
ഡൽഹി വിമാനത്താവളത്തിലെ വിമാന സർവീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. ശനിയാഴ്ച ദില്ലിയിലേക്കുള്ള 66 വിമാനങ്ങളെയും ഡൽഹിയിൽ നിന്നുള്ള 63 വിമാനങ്ങളെയും മൂടൽമഞ്ഞ് ബാധിച്ചു. മൂടൽമഞ്ഞിൻ്റെ സ്വാധീനം മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് പ്രതിസന്ധിയായത്. ഇന്നലെ രാവിലെ 8.30 ന് സഫ്ദർജംഗിൽ കാഴ്ചാപരിധി 200 മീറ്ററും പാലത്തിൽ 350 മീറ്ററും ആയിരുന്നു. ഉച്ചയ്ക്ക് 12.30 ആയപ്പോഴേക്കും സഫ്ദർജംഗിൽ 400 മീറ്ററും പാലത്തിൽ 600 മീറ്ററുമായി.
ശനിയാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കൂടുതൽ മോശമായി. വൈകുന്നേരം 4 മണിക്ക് 398 ആയിരുന്നു സൂചികയിൽ രേഖപ്പെടുത്തിയത്. വൈകുന്നേരം 5 മണിയോടെ, മണിക്കൂർ വായു ഗുണനിലവാര സൂചിക 401 ൽ എത്തി. വാഹനങ്ങൾ, വ്യവസായ ശാലകൾ, വീടുകൾ, തുറസായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതുമാണ് അന്തരീക്ഷം കൂടുതൽ മലീമസമാക്കുന്നത്.


