
പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പൊലീസ് കേസ് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ വിഷയമല്ലെന്നും ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ പരസ്യമായ ലംഘനമാണെന്നും സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ എഡിറ്റോറിയൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളും എന്താണെന്ന് മനസ്സിലാക്കാത്തവരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നതെന്നാണ് എഡിറ്റോറിയലിൽ ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നത്.
‘മതം, വിശ്വാസം, ദൈവം, ആരാധനാലയങ്ങൾ എന്നിവയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് തേടരുതെന്ന് നിയമം വ്യക്തമായി അനുശാസിക്കുന്നുണ്ട്. അങ്ങനെ വോട്ട് തേടി വിജയിക്കുന്നവരെ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധികളുമുണ്ട്. ജാതി, മതം, വംശം, ദൈവം, ഭാഷ എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടുപിടിക്കരുതെന്ന് 2017 ജനുവരി രണ്ടിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ ദൈവത്തിൻ്റെയോ പേരിൽ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്, തെരഞ്ഞെടുപ്പ് മതനിരപേക്ഷപ്രക്രിയയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിക്കുന്നതായിരുന്നു യുഡിഎഫിൻ്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പുപ്രചാരണം’ എന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെയും ഇതേ രീതിയിൽ നേരിടാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ പാരഡിപ്പാട്ടിനെ യുഡിഎഫ് ഉപയോഗിക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
പാരഡി ഗാനത്തിനെതിരെ കേസെടുത്ത പൊലീസ് നടപടി സ്വഭാവികമായ നടപടിയാണെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. ‘അയ്യപ്പനുമായി ബന്ധപ്പെടുത്തി പാരഡി ഗാനമുണ്ടാക്കി രാഷ്ട്രീയ നേട്ടത്തിനായി നവമാധ്യമങ്ങൾവഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാനലംഘനം സൃഷ്ടിക്കാനും മതവിശ്വാസത്തെ അപഹസിക്കാനും ലക്ഷ്യമിട്ടുവെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്മേൽ പൊലീസ് സ്വാഭാവികമായ നടപടി സ്വീകരി ച്ചു. അതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് വിമർശിക്കുകയാണ് പ്രതിപക്ഷമെന്നാണ്’ ദേശാഭിമാനി പൊലീസ് നടപടിയെ വിശദീകരിക്കുന്നത്.



