
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വി ബി-ജി റാം ജി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ ശബ്ദവോട്ടോടെ രാജ്യസഭയിലും പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അര്‍ധരാത്രിയാണ് ബില്‍ സഭയില്‍ പാസാക്കിയത്. സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്നലെ പ്രതിപക്ഷപ്രതിഷേധം മറികടന്ന് ബില്‍ ലോക്‌സഭയിലും പാസാക്കിയിരുന്നു.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ജനങ്ങളെ പിച്ചക്കാരക്കാനാണ് ബില്‍ എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമെന്നും ബില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നും ഖര്‍ഗെ പറഞ്ഞു. പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേരെ പ്രതിപക്ഷ അംഗങ്ങള്‍ നീങ്ങിയതോടെ സഭ അധ്യക്ഷന്‍ അതൃപ്തി വ്യക്തമാക്കി. ബില്‍ പാസാക്കിയതോടെ ഭരണപക്ഷം ജയ്ശ്രീറാം വിളിച്ചു.
അതേസമയം പദ്ധതിയെ മെച്ചപ്പെടുത്താനാണ് ബില്‍ എന്നും തൊഴിലുറപ്പ് പദ്ധതി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. പ്രാരംഭഘട്ടമായ 2005ല്‍ പദ്ധതിയുടെ പേരിനൊപ്പം മഹാത്മാഗാന്ധിയെന്ന് ഉണ്ടായിരുന്നില്ലെന്നും 2009ല്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കി. ലോക്‌സഭയില്‍ ശബ്ദവോട്ടോടെ ഭരണപക്ഷം പാസാക്കിയ ബില്‍ പ്രതിപക്ഷം കീറിയെറിയുകയായിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും എതിര്‍ക്കുന്ന സാഹചര്യത്തില്‍ വിബിജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ബില്‍ പാസാക്കുകയായിരുന്നു.



