
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി ഇന്നും നേരിടാൻ സാധ്യത. നൂറിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കം. യാത്രക്കാരുടെ ടിക്കറ്റ് പണം ഇന്ന് തിരികെ നൽകണമെന്നാണ് കേന്ദ്രം നൽകിയിട്ടുള്ള നിർദ്ദേശം.
പ്രതിസന്ധിയിൽ മുതലെടുപ്പ് നടത്തിയ വിമാന കമ്പനികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. അതേസമയം, ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ സിഇഒ ഇൻഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് ഡിജിസിഎ നൽകി. ഇയാളുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുണ്ടായെന്നും പുറത്തേക്ക് പോകാമെന്നുമാണ് സൂചന.
വ്യോമയാന നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. രാജ്യത്തിലുടനീളം ഇൻഡിഗോ വിമാന സർവീസുകളുടെ കാലതാമസം, റദ്ദാക്കൽ, പ്രവർത്തന തകരാറുകൾ എന്നിവയുടെ കാരണം വിശദമാക്കാനാണ് സി ഇ ഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്.



