KeralaNews

കഴിഞ്ഞ വർഷത്തെ അതേ ചോദ്യം; പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക്, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്.

കാലിക്കറ്റ് സർവകലാശാലയിൽ സൈക്കോളജി നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചത് കഴിഞ്ഞവർഷം. ഒന്നാം സെമസ്റ്ററിലെ ദ് ആർട്ട് ഓഫ് സ്ട്രസ് മാനേജ്മെന്റ് കോഴ്സിൽ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ. ക്രമ നമ്പറോ ചോദ്യങ്ങളോ മാറ്റമില്ല. 2024 എന്നത് 2025 എന്നായത് മാത്രമാണ് മാറ്റം. പുറത്ത് നിന്നുള്ള അധ്യാപകരെയാണ് സർവ്വകലാശാല ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിക്കുന്നത്.

പരീക്ഷയുടെ രഹസ്യാത്മകത ഉറപ്പുവരുത്താൻ, ഇവർ തയാറാക്കുന്ന ചോദ്യങ്ങൾ കവർ പൊട്ടിക്കാതെ അതേപടി പ്രിന്റിങ് പ്രെസ്സിലേക്ക് അയക്കുന്നതാണ് രീതി. പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ വിതരണം ചെയ്ത് കഴിഞ്ഞപ്പോളാണ് വീഴ്ച അധ്യാപകരുടെയും വിദ്യാർഥികളുടേയും ശ്രദ്ധയിൽപ്പെട്ടത്. മുൻപ് സമാന പിഴവുണ്ടായപ്പോൾ, പരീക്ഷ റദ്ദാക്കിയതാണ് കീഴ്‍വഴക്കം. ചോദ്യ പേപ്പർ തയാറാക്കുന്നതിൽ അലംഭാവം കാണിച്ച വിഷയ വിദഗ്ധനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. തുടർ നടപടി എന്തായാലും ചോദ്യ പേപ്പർ തയാറാക്കിയവരുടേയും സർവകലാശാലയുടേയും അലംഭാവത്തിൽ ബുദ്ധിമുട്ടിലായത് വിദ്യാർഥികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button