KeralaNews

‘വ്യക്തിഹത്യ താങ്ങാനായില്ല, ചിലര്‍ അപവാദ പ്രചാരണം നടത്തി’; ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തക

സ്ഥാനാര്‍ഥിത്വം അല്ല വിഷയം, പ്രാദേശിക വ്യക്തികളില്‍ ചിലര്‍ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബിജെപി പ്രവര്‍ത്തക ശാലിനി അനില്‍. നെടുമങ്ങാട് നഗരസഭയില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അനില്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാന്‍ കഴിയാത്ത മട്ടില്‍ അപവാദം പറഞ്ഞു. അവര്‍ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തതെന്നും അവര്‍ ആരോപിച്ചു.

‘വാര്‍ഡിലെ സ്ഥാനാര്‍ഥിയാവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്ത് വരികയായിരുന്നു. ഫ്‌ലക്‌സും പോസ്റ്ററും ഉള്‍പ്പെടെ ചെയ്തിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കേ, എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ എന്റെ പേര് സ്ഥാനാര്‍ഥിത്വത്തില്‍ വരാതിരിക്കാന്‍ വേണ്ടി പ്രാദേശിക വ്യക്തികളില്‍ ചിലര്‍ എന്നെ വാര്‍ഡില്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയുണ്ടായി. സ്ഥാനാര്‍ഥിത്വം ഒന്നുമല്ല എന്റെ വിഷയം. എനിക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത രീതിയില്‍ അപവാദ പ്രചാരണം നടത്തിയതിന്റെ പേരിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. വാര്‍ഡില്‍ മറ്റൊരു പേരും ഉയര്‍ന്നുവന്നിരുന്നു. ആ വന്ന വ്യക്തിയെ കൊണ്ടുവരാന്‍ വേണ്ടിയിട്ടാണ് അവര്‍ അപവാദ പ്രചാരണം നടത്തിയത്.’- ശാലിനി അനില്‍ പറഞ്ഞു.

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു
‘പത്തുവര്‍ഷം മുന്‍പും തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ഇതേ വ്യക്തികള്‍ തന്നെയാണ് അന്ന് വന്നത്. സംഘടന പറഞ്ഞിട്ട് ഞാന്‍ വെറൊരു വാര്‍ഡില്‍ നില്‍ക്കുകയായിരുന്നു. അത് ഞാന്‍ സംഘടനപരമായ തീരുമാനം എന്നാണ് അന്ന് കരുതിയത്. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അതേ അനുഭവം വന്നപ്പോഴാണ് മനസിലായത്. സംഘടനാപരമല്ല, വ്യക്തിയോടുള്ള വൈരാഗ്യമാണ്. എന്നോടും എന്റെ കുടുംബത്തോടുമുള്ള വൈരാഗ്യമാണ്. ഇല്ലാത്ത പലകാര്യങ്ങളും പറഞ്ഞാണ് അധിക്ഷേപിച്ചത്. അവര് ആഗ്രഹിക്കുന്ന ആള്‍ സ്ഥാനാര്‍ഥിയാവില്ല എന്ന് കണ്ടപ്പോഴാണ് വ്യക്തി അധിക്ഷേപത്തിലേക്ക് അവര്‍ കടന്നത്. മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഇത്തരമൊരു കടുംകൈയിലേക്ക് പോയത്.’- ശാലിനി അനില്‍ കൂട്ടിച്ചേര്‍ത്തു. കൈ ഞരമ്പ് മുറിച്ചാണ് ശാലിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ മകനാണ് ആശുപത്രിയില്‍ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button