
കല്‍പാത്തിയില്‍ ഇന്ന് ദേവരഥസംഗമം. വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപം തേരുമുട്ടിയിലാണ് ഗ്രാമപ്രദക്ഷിണത്തിന് ശേഷം രഥങ്ങള്‍ സംഗമിക്കുക. രണ്ടാംതേരുനാളായ ശനിയാഴ്ച പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതിയുടെ സ്ഥാനാരോഹണം നടന്നു. മന്തക്കരയിലെ രഥവും ഒന്നാം തേരുനാളില്‍ വീഥിയിലെത്തിയിരുന്ന വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥകളും ഉള്‍പ്പെടെ നാല് രഥങ്ങള്‍ ഞായറാഴ്ച പ്രയാണം നടത്തി. മൂന്നാം തേരുനാളായ ഞായറാഴ്ച രാവിലെ പഴയകല്‍പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്നമഹാഗണപതിയുടെയും രഥാരോഹണം നടക്കും.
തഞ്ചാവൂരിലെ കാവേരി നദീതീരത്തുള്ള മായപുരം ഗ്രാമത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിപ്പാര്‍ത്തവരാണ് കല്‍പ്പാത്തിക്കാരെന്നാണ് ചരിത്രം. രഥോല്‍സവത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് പലതരം വിശ്വാസങ്ങളുണ്ടെങ്കിലും പൊതുവില്‍ അറിയുന്നത് ലക്ഷമിയമ്മാളുമായി ബന്ധപ്പെട്ട കഥയാണ്. മായപുരത്തുനിന്ന് ശിവഭജനത്തിനായി കാശിയിലെത്തിയ ലക്ഷമിയമ്മാളിന് സ്വപ്നത്തില്‍ ഒരു അരുളപ്പാടുണ്ടായെന്നും അവിടെനിന്നും ലഭിച്ച ബാണലിംഗം കൊണ്ടുവന്ന് പാലക്കാട്ടെ നിളയോരത്ത് പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. അന്നത്തെ പാലക്കാട്ട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ഛന്‍ ഭൂമി ദാനമായി നല്‍കിയ ഭൂമിയില്‍ കാശിയിലെ വിശ്വനാഥക്ഷേത്രത്തിന് സമാനമായി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് പഴമക്കാര്‍ പറയുന്നത്.
തുലാം അവസാനത്തോടെ ധ്വജാരോഹണം തുടങ്ങി, വൃശ്ചികം ഒന്നിന് അവരോഹണം എന്നതാണ് രഥോല്‍വത്തിന്റെ കണക്ക്. നാല് ക്ഷേത്രങ്ങളിലായാണ് കൊടിയേറ്റ്. രണ്ട് ദിവസങ്ങളിലായി പരിവാരസമേതനായ വിശ്വനാഥസ്വാമിയുടെയും മന്തക്കരഗണപതിയുടേയും തേരുകള്‍ പ്രയാണം നടത്തിക്കഴിഞ്ഞു. ഇന്ന് ലക്ഷമിനാരായണപെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണത്തിന് ശേഷം ഒരുവര്‍ഷക്കാലം കാത്തിരുന്ന ദേവരഥസംഗമത്തിന്റെ നേരമാണ്. തേരുമുട്ടിയില്‍ മുഖാമുഖമെത്തി വൈകീട്ട് നടക്കുന്ന രഥസംഗമം കാണാന്‍ ജനം ഒഴുകിയെത്തും. വിശേഷാല്‍ നാദസ്വരത്തോടെ പുഷ്പപല്ലക്കില്‍ ഗ്രാമപ്രദക്ഷിണം കഴിയുന്നതോടെ രഥോത്സവം സമാപിക്കും.



