
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നു. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണെന്ന് കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാരിന് നാല് തവണ കത്ത് നൽകിയിരുന്നു. ആലപ്പുഴ കളക്ടറേറ്റിൽ നിരവധി തവണ മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്നത് കൃത്യമായി സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാതെയാണ്. നാൽപതിലധികം പേരാണ് അരൂർ-തൂറവൂർ പാതയിൽ മാത്രം മരണപ്പെട്ടിട്ടുള്ളത്. മനുഷ്യ ജീവന് വില കൽപ്പിക്കാത്ത സമീപനം മാറ്റണമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ദേശീയ പാത അതോറിറ്റിക്കും കേന്ദ്രമന്ത്രിയ്ക്കും നിവേദനം നൽകിയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.
സർവീസ് റോഡുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും കുറ്റക്കാരാണ്. സർവീസ് റോഡുകൾക്കായി എട്ടു കോടിയോളം രൂപ കിട്ടിയിട്ടും സർക്കാർ പെൻഡിങ്ങിൽ വച്ചിരിക്കുകയാണ്. സർവീസ് റോഡ് മെച്ചപ്പെടുത്തിയാൽ തന്നെ ഗതാഗതം നിയന്ത്രിക്കാൻ കഴിയും. ഇതൊന്നും അവിടെയുണ്ടായിട്ടില്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. സർവീസ് റോഡുകൾ മെച്ചപ്പെടുത്തുക എന്നതാണ് പരിഹാരമെന്ന് അദേഹം പറഞ്ഞു.
മേൽപാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളതെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. സുരക്ഷ ഉണ്ടാക്കിയാൽ മാത്രമല്ലേ ആളുകളുടെ ദുരിതം കുറയു എന്ന് അദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് കേസി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയ്ക്ക് ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷാണ് മരിച്ചത്. നിർമാണത്തതിനിടെ സ്ഥാപിച്ച ഗർഡറുകൾ പിക്കപ് വാനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞത്. സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാണ് റിപ്പോർട്ട് തേടിയിട്ടുണ്ട്.


