
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന് രൂപം നല്‍കിയത്. ഈ നയം അനുസരിച്ച് ഊബര്‍, ഒല എന്നി കമ്പനികള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്‍കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്. നയം അനുസരിച്ച് ഇവര്‍ നല്കുന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും ഉണ്ടെങ്കില്‍ അനുമതി നല്കാന് ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.
ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്‍ത്തനം തടയും. സംസ്ഥാനത്ത് നല്‍കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അടയ്ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്‍ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.

