KeralaNews

നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് എന്തു കാര്യം? സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡോ. ഹാരിസ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഡോ. ഹാരിസിന്റെ പ്രതികരണം. സുപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന സ്ഥാപനങ്ങളില്‍ തന്നെ ചില ഭാഗങ്ങളില്‍ പ്രാകൃതമായ നിലവാരമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഹാരിസ് ആസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന അവകാശ വാദങ്ങളെയും ഡോ. ഹാരിസ് ചിറക്കല്‍ രൂക്ഷമായി വിമര്‍ശിച്ചു. നാടാകെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല. ഉള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. വേണുവിനെ തറയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവന്നത് പ്രാകൃതമായ അവസ്ഥയുടെ ഉദാഹണമാണ്. ഒരു രോഗിയെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കുക എന്ന് ഡോ. ഹാരിസ് ചോദിച്ചു. കോന്നിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയതിന് 500 കോടിയിലധികമാണ് ചെലവ്. എന്നിട്ടും അവിടെയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. പലയിടത്തും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയുടെ അഭാവമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില വാര്‍ഡുകളുടെ അവസ്ഥ പരിതാപകരമാണ് എന്നും ഡോ. ഹാരിസ് പറയുന്നു.

വേണുവിന് മതിയായ പരിചരണം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ നിലത്ത് കിടക്കേണ്ടി വന്നു എന്ന് പറയുന്നത് വളരെ വിഷമകരമായ കാര്യമാണ്. 1986 ല്‍ ആണ് താന്‍ മെഡിക്കല്‍ കോളജില്‍ ചേരുന്നത്. അന്നത്തെ അവസ്ഥയ്ക്ക് സമാനമായി ഇപ്പോഴും രോഗികള്‍ നിലത്ത് കിടക്കുക എന്നത് സാംസ്‌കാരിക കേരളത്തിന് മോശമായ കാര്യമാണ്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഡോ. ഹാരിസ് പിന്നീട് മാധ്യമങ്ങളോടും വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button