
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലീഗ് സഘടനാ നേതാവിനെതിരെ വിജിലൻസ് അന്വേഷണം. സർവ്വകലാശാലയിലെ ലാൻ നെറ്റ് വർക്ക് പ്രവൃത്തിയിൽ വൻ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇൻസ്‌ട്രുമെൻ്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെതിരെയാണ് കേസെടുത്തത്.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തായിരുന്നു 27 ലക്ഷം രൂപയുടെ സാമ്പത്തീക തട്ടിപ്പ് നടത്തിയത്. സാജിദിനെ ഗവർണറും വൈസ് ചാൻസലറും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാറിൻ്റെ കാലത്തായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലോക്കൽ ഏരിയാ നെറ്റ് വർക്ക് പ്രവൃത്തിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. സ്‌ക്രൂ.പ്ലാസ്റ്റിക് ടൈ, സ്റ്റിക്കർ പോലുളള ചെറിയ ചിലവ് വരുന്ന കൺസ്യൂമബിൾസ് ഐറ്റങ്ങൾക്ക് ഭീമമായ വില മെറ്റിരിയൽ ചാർജ് ഇനത്തിൽ കാണിച്ചും അവയൊന്നും തന്നെ പ്രവൃത്തിയിൽ ഉപയോഗിക്കാതെ സർവീസ് ചാർജടക്കം കാണിച്ചുമാണ് സർവകലാശാലക്ക് ഭീമമായ നഷ്ടം വരുത്തി വെച്ചത്. കൺസ്യൂമബിൾ ഐറ്റങ്ങൾക്ക് മാത്രമായി 27,42,116 രൂപയാണ് ചിലവഴിച്ചത്. തൊട്ടുമുമ്പുള്ള വർഷം വെറും 36000 രൂപ മാത്രമായിരുന്നു ഈ ഇനത്തിൽ ചെലവഴച്ചിരുന്നത്. യൂണിവേഴ്സിറ്റിയിലെ ലീഗ് അനുകൂല സംഘടനാ നേതാവും ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനിയറുമായ മുഹമ്മദ് സാജിദിൻ്റെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തി നടന്നത്.
സർവകലാശാലക്ക് ഭീമമായ നഷ്ടം വരുത്തി വെച്ച സാജിദിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ സർക്കാറിൻ്റെ ധനകാര്യപരിശോധനാ വിഭാഗം നടത്തിയ അന്വഷണത്തിൽ ക്രമക്കേട് ബോധ്യമായതിനെ തുടർന്ന് സിണ്ടിക്കേറ്റ് സാജിദിനെ സസ്പെൻ്റ് ചെയ്തിരുന്നു. 27,42,116 രൂപ ഇയാളിൽ നിന്നും തിരിച്ച് പിടിക്കാനും തീരുമാനിച്ചു. എന്നാൽ ചാൻസലറായ ഗവർണ്ണറും വൈസ്ചാൻസലറും ചേർന്ന് സാജിദ്ദിനെ സംരക്ഷിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.



