InternationalKeralaNew BooksNews

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സക്ക് പണമില്ല; ആരോഗ്യ മന്ത്രിക്ക് പരാതിക്കത്ത്

ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുട്ടിയുടെ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് പല്ലശ്ശന സ്വദേശിയായ 9 വയസ്സുകാരി വിനോദിനി ഒടിഞ്ഞ കൈയുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന്പാലക്കാട് ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടിയെത്തിയത്. തുടർ ചികിത്സകളിൽ വന്ന ഗുരുതരമായ പിഴവിനെ തുടർന്നാണ് വലതു കൈ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയത്. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

എന്നാൽ കുറ്റകരമായ അനാസ്ഥ കാണിച്ച ഡോക്ടർമാർക്കെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ സസ്പെൻഷനിൽ ഒതുക്കിയെന്നും പരാതിയിൽ ആരോപിച്ചു. തുടർന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 3ന് ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വീഴ്ച വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിച്ചു.

നിലവിൽ തുടർ ചികിത്സകളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ള കുട്ടിക്ക് ഒരു മാസത്തിനിടെ നാല് ശസ്ത്രക്രിയകൾ നടത്തി. ചികിത്സയും ഇതിന് വേണ്ട മരുന്നുകൾ ആശുപത്രിയിൽ നിന്ന് സൗജന്യമായി നൽകുന്നുണ്ട് എങ്കിലും ഭക്ഷണമുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കെല്ലാം വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതികൾ സമർപ്പിച്ചിട്ടും ഇന്ന് വരെ ആ കാര്യത്തിൽ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button