
ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വിവരങ്ങൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യന് പുറമെ മറ്റ് സഹായികളെയും ചോദ്യം ചെയ്യാൻ എസ്ഐടി വിളിപ്പിച്ചേക്കും. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ സ്വർണപാളി എത്തിക്കാൻ കൂട്ടുനിന്ന സഹായികളെ അന്വേഷണ സംഘം ഉടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
ഒരു തവണ ചോദ്യം ചെയ്ത അനന്തസുബ്രഹ്മണ്യത്തെയും വീണ്ടും ചോദ്യം ചെയ്യും. പരമാവധി വിവരങ്ങൾ ഇവരിൽ നിന്നും ശേഖരിച്ച ശേഷം, ധ്വാരപാലക ശില്പങ്ങൾ കൊണ്ടുപോയ ഇടങ്ങളിലെത്തി തെളിവെടുപ്പ് നടത്താനാണ് എസ്ഐടിയുടെ നീക്കം അതേസമയം, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഏഴാം ദിനവും തുടരും. കൂടുതൽ പേരെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.
കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലിൻ്റെ പശ്ചാത്തലത്തിൽ ചില രഹസ്യ കേന്ദ്രങ്ങളിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചോദ്യം ചെയ്യൽ. കേസിൽ ഹൈദരാബാദിലെ നാഗേഷിനെയും ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. കൂടാതെ കേസിലെ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വേഗത്തിൽ കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം.