
രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസമായാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്.
അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ പട്‌നയില്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തും. നിലവില്‍ 12 മണ്ഡലങ്ങളിലാണ് മഹാസഖ്യത്തിലെ നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബിജെപി ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നു എന്ന് പ്രശാന്ത് കിഷോര്‍ ആരോപിച്ചു. നിലവില്‍ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതായും പ്രശാന്ത് കിഷോര്‍ പറഞ്ഞു.