KeralaNews

മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും ; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്, അടിയന്തര മുന്നറിയിപ്പ്

ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശം. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം.

എന്നാൽ, വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവിൽ സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡിൽ 9120 ഘനയടിയാണ്. ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്‌ഥാപിച്ചു. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. മേഖലയിൽ ഒരിടത്തും ഇന്നലത്തേതിന് സമാനമായ രീതിയിൽ വെള്ളം കയറിയിട്ടില്ല. കല്ലാർ ഡാം അടച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button