KeralaNews

ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു

ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്കു പിന്നാലെയാണ് ഇവ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസ്തുവകകളും രേഖകളും സംഘം പരിശോധിച്ചു. അതേസമയം പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോ​ഗിക്കുന്ന സ്വർണാഭരണങ്ങളാണെന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം പറയുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണക‍ൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം അർധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അം​ഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനു കൂട്ടുനിന്നു എന്നു കണ്ടെത്തിയ അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുത്തും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം ചെന്നൈ, ബം​ഗ​ളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകും.

ഉണ്ണികൃഷ്ണന്‍ പോറ്റി 2004 മുതല്‍ 2008വരെ ശബരിമല കീഴ്ശാന്തിയുടെ പരികര്‍മിയായിരുന്നെന്നും ശബരിമലയെ കുറിച്ച് കൃത്യമായ അറിവുള്ളയാളാണെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയിലും ചുറ്റുഭാഗത്തും 1998ല്‍ സ്വര്‍ണം പതിച്ചതായി അറിവുള്ളയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാലക ശില്‍പങ്ങളും പില്ലറുകളും പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് ആചാരലംഘനം നടത്തുകയും തുടര്‍ന്ന് ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു. ദുരുപയോഗം ചെയ്ത സ്വര്‍ണത്തിന് പകരം സ്വര്‍ണംപൂശുന്നതിനായി വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍ നിന്ന് വലിയ അളവ് സ്വര്‍ണം വാങ്ങി അത് മുഴുവനായി കൈവശപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ടുപോകേണ്ടതുണ്ട്. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ളയാളും തെളിവ് നശിപ്പിക്കാനും കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനും കഴിവുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button