KeralaNews

പാലിയേക്കരയിൽ 73 ദിവസത്തിന് ശേഷം ടോൾപിരിവ് പുനഃസ്ഥാപിച്ചു‌ ; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് വരും. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം.

അതേ സമയം ദേശീയപാത 544 ല്‍ തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചു. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി നടപ്പാക്കിയ ടോള്‍ നിരോധനം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിൻവലിക്കുന്നത്. എന്നാല്‍, ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോഴും പഴയ നിരക്ക് ഈടാക്കണമെന്നും ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. റോഡിന്റെ സുരക്ഷയില്‍ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ദേശീയ പാത 544 ല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു.

ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയെങ്കിലും കേസ് തീര്‍പ്പാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്ത് ദിവസത്തിന് ശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. റോഡിലെ തിരക്ക് തുടരുകയാണ്, ഈ കളിയില്‍ ആര് തോല്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല, എന്നാല്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി. ടോള്‍ പിരിവ് വിലക്കിയ നടപടി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടു. പാതയിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ചെറിയ തിരക്ക് മാത്രമാണിപ്പോള്‍ ഉള്ളത്. വാഹന ഗതാഗതം ഏറെക്കുറെ സുഗമമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button