
കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസ് കണ്ടെത്തൽ. കേസിൽ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമര്‍പ്പിക്കും. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ റമീസിന് പുറമെ റമീസിന്റെ മാതാവും പിതാവും പ്രതികളാണ്. കേസിൽ നേരത്തെ റമീസും മാതാപിതാക്കളും റമീസിന്റെ സുഹൃത്തായ സഹദും അറസ്റ്റിലായിരുന്നു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് റമീസിന്റെ സുഹൃത്ത് സഹദിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.
റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത്, പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസിൽ റമീസിന്റെ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെയും കേസിൽ പ്രതി ചേര്‍ത്തത്. കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ, ഇതിനിടെ ഇരുവർക്കുമിടയിൽ ചില തർക്കങ്ങളുണ്ടായെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ‘ഇടപ്പള്ളി സെക്സ് വർക്കേഴ്സ്’ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് തർക്കമായതെന്ന് പൊലീസ് പറയുന്നു.
റമീസ് അനാശാസ്യത്തിന് പോയെന്ന് റമീസിന്റെ വീട്ടിലെത്തി പെൺകുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെൺകുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുവെന്ന് ഫോണിലൂടെ പറഞ്ഞു. പിന്നീട് റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം, മരണത്തിൽ നിര്‍ബന്ധിത മതപരിവര്‍ത്തനമടക്കമുള്ള ആരോപണങ്ങള്‍ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.