
ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ജസ്റ്റിസ് കെ ടി ശങ്കരൻ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിടുണ്ടെങ്കിലും എത്തില്ലെന്നാണ് സൂചന. കേസിൽ നടപടികൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് 10 പ്രതികൾക്കും ഇന്ന് തന്നെ നോട്ടീസ് നൽകും.
സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസം എസ്ഐടി കേസെടുത്തിരുന്നു. ദ്വാരപാലക ശിൽപത്തിലെയും വാതിൽപടിയിലെയും സ്വർണ മോഷണത്തിൽ പ്രത്യേകം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇരു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് മുഖ്യപ്രതി. ഒൻപത് ദേവസ്വം ജീവനക്കാരെയും പ്രതി ചേർത്തിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തത്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയത്.
നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ), സുനിൽ കുമാർ (മുൻ അസിസ്റ്റന്റ് എഞ്ചിനീയർ), ഡി സുധീഷ് കുമാർ (മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ), ആർ ജയശ്രീ (മുൻ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുൻ തിരുവാഭരണ കമ്മീഷണർ), ആർ ജി രാധാകൃഷ്ണൻ (മുൻ തിരുവാഭരണ കമ്മീഷണർ), രാജേന്ദ്ര പ്രസാദ് (മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ), രാജേന്ദ്രൻ നായർ (മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ), ശ്രീകുമാർ (മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ) എന്നിവർക്കെതിരെയാണ് കേസ്.
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ് ശരിധരന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം ഇന്നലെ ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം 2019 മാർച്ചിൽ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. വാതിൽപ്പാളിയിലെ സ്വർണം 2019 ഓഗസ്റ്റിൽ കവർന്നതായും കരുതപ്പെടുന്നു. ഇതിലാണ് എസ്ഐടി സംഘം വിശദമായ അന്വേഷണം നടത്തുക.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലും ശ്രീകോവിലിന്റെ കട്ടിളപ്പടിയിലും പൂശിയ സ്വർണം മോഷ്ടിക്കപ്പെട്ടതായി ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണം പൂശിയ പാളികൾ തന്നെയാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പ് പാളികൾ എന്നാണെന്നും കോടതി കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ക്രമക്കേടാണെന്നും കോടതി വിലയിരുത്തി. 1998-ലെ രേഖകൾ അനുസരിച്ച് 30.291 കിലോഗ്രാം സ്വർണം കട്ടിളപ്പാളികളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് 2019 മാർച്ച് 20-ലെ ഉത്തരവിൽ ചെമ്പ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന് നിർദേശിച്ചുവെന്നും രേഖകൾ അനുസരിച്ച് പരസ്പര വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.