
വടകര എംപി ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ഷാഫിക്ക് മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. മുൻ ദേശീയ കോഡിനേറ്റർ വിനീത് തോമസാണ് പരാതി നൽകിയത്.
ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും. സംഘർഷത്തിൽ ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എങ്ങനെയെന്ന് ചെന്നിത്തല ചോദിച്ചു. പൊലീസുകാർക്കെതിരെ നടപടി വേണം. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയില്ലേ. ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഷാഫിക്കെതിരായ കേസ് ശബരിമല കൊള്ളയിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമമാണെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. ശബരിമലയിലെ സ്വത്ത് കവർന്നെടുത്ത ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വരുന്നതെന്നും കെസി പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഷാഫിയെ കാണാൻ പോവുമ്പോഴായിരുന്നു കെസിയുടെ പ്രതികരണം.