
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ എന്നിവയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു) ഉപയോഗിച്ചും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്ന് ഇഡി നടപടി ആരംഭിച്ചു. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഇതിൽ ഉൾപ്പെടുന്നു.
എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വസതികളും സ്ഥാപനങ്ങളും, ചില വാഹന ഉടമകൾ, ഓട്ടോ വർക്ക് ഷോപ്പുകൾ, വ്യാപാരികൾ എന്നിവയുൾപ്പെടെ 17 സ്ഥലങ്ങളിലാണ് പരിശോധനയെന്നും ഇഡി അറിയിച്ചു.