
ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മധ്യപ്രദേശിൽ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് മധ്യപ്രദേശിൽ രണ്ടു കുട്ടികള്‍ കൂടി മരിച്ചത്. ചുമ മരുന്ന് കഴിച്ചുള്ള മരണ സംഖ്യ ഇതോടെ ഉയര്‍ന്നു. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ, തെലങ്കാനയിലും കോള്‍ഡ്റിഫ് ചുമ മരുന്ന് നിരോധിച്ചു. അതേസമയം, സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മധ്യപ്രദേശിൽ മരണ കാരണം കണ്ടെത്താൻ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു.
ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നൽകിയെന്നും കമൽനാഥ് ആരോപിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എഎപിയും വിമര്‍ശിച്ചു. അതേസമയം, കിഡ്നി പ്രശ്നങ്ങളാണ് മരണ കാരണം എന്ന് കണ്ടെത്തിയത് ആഴ്ചകൾക്ക് ശേഷം മാത്രമാണെന്ന വിവരവും പുറത്തുവന്നു. കിഡ്നി പ്രശ്നങ്ങളാണ് മരണ കാരണം എന്ന നാഗ്പൂരിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷമാണ് അധികൃതർ നടപടി തുടങ്ങിയതെന്നുമാണ് വിവരം. അതേസമയം, മരിച്ച കുട്ടികളുടെ പോസ്റ്റ് മോർട്ടത്തിന് ബന്ധുക്കൾ അനുമതി നൽകിയില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
അതേസമയം, മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിലും നിരോധിച്ചിരുന്നു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി.