
സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് നേതൃത്വം നോട്ടീസ് നൽകും. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങളിൽ വിശദീകരണം മൂന്നു ദിവസത്തിനകം നൽകണമെന്നാണ് നിർദേശം. വിശദീകരണം എഴുതി നൽകാനാണ് നിർദേശം.
അതേസമയം പുറത്തുവന്ന ഫോൺ സംഭാഷണം തന്റേതാണോയെന്ന് ഉറപ്പില്ലെന്നാണ് ശരത് പറയുന്നത്. ഫോൺ സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും ശരത് ആവശ്യപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തിൽ പേര് പരാമർശിക്കപ്പെട്ടവർ ഗുരു തുല്യരാണെന്ന് ശരത് പറയുന്നു. എന്നാൽ പുറത്തുവന്ന അഴിമതി ആരോപണ സംഭാഷണം ശരത് പ്രസാദിന്റെ തന്നെയെന്ന് സിപിഐഎം നടത്തറ ലോക്കൽ കമ്മിറ്റി മുൻ അംഗം നിബിൻ വ്യക്തമാക്കിയിരുന്നു. ശരത് തന്നോട് സംസാരിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നതെന്ന് നിബിൻ പറഞ്ഞു. സംഭാഷണം പുറത്ത് പോയത് എങ്ങനെയെന്ന് അറിയില്ലെന്നും നിബിൻ പറഞ്ഞു.
സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.