Uncategorized

വ്യാജ ഐഡി കേസ്: ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; വീണ്ടും നോട്ടീസ് നല്‍കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അടുത്ത ആഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കും. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ പിന്നീട് മാറ്റിയിരുന്നു. ഈ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ രേഖയില്‍ രാഹുലിന്റെ പേരുമുണ്ടായിരുന്നു.

കേസില്‍ അന്വേഷകസംഘം ആവശ്യപ്പെട്ട വിവരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ നല്‍കിയിട്ടില്ല. ഈ ആവശ്യമുന്നയിച്ച് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടെങ്കിലും മൊബൈല്‍ ആപ്പിന്റെ വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവില്‍ പോയി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button