KeralaNews

71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ

കേരളത്തിലെ ജലമാമാങ്കമായ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ആരാണ് ഓളപ്പരപ്പിലം രാജാവെന്ന് കണ്ടെത്താനുള്ളത്. ഓളങ്ങളെ കീറിമുറിച്ച് വിജയകിരീടം ചൂടുന്ന ചുണ്ടന്‍ സ്വന്തമാക്കുന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു കൈയൊപ്പിട്ട ട്രോഫിയാണ്.

21 ചുണ്ടൻ വള്ളങ്ങളാണ് ഓളപ്പരപ്പിലെ തീ പാറും പോരാട്ടത്തിൽ തുഴയെറിയുക. ചുണ്ടനും 6 വനിത വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങള്‍ ഇത്തവണത്തെ ജലപൂരത്തില്‍ പങ്കുചേരും. രാവിലെ 11 മുതൽ ചെറു വള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ ചുണ്ടൻ വള്ളങ്ങളുടെ മൽസരം തുടങ്ങും. നാലുമണിക്കാണ് ഫൈനല്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്. സിംബാംബ്​വെയില്‍ നിന്നുള്ള ഡപ്യൂട്ടി മന്ത്രി രാജേഷ്കുമാര്‍ ഇന്ദുകാന്ത് മോദി വള്ളംകളിയില്‍ അതിഥിയായെത്തും.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ആളുകളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നാല് ലക്ഷത്തോളം കാണികള്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ 40 ദിവസത്തിലധികമായി പരിശീലനം നടത്തിയ ചുണ്ടന്‍ വള്ളങ്ങളും തുഴച്ചില്‍ക്കാരും ഇന്നലെ വിശ്രമത്തിലായിരുന്നു. രാവിലെ മുതല്‍ വള്ളങ്ങള്‍ വീണ്ടും നീറ്റിലിറക്കി. ഓളപ്പരപ്പിനെ ഖണ്ഡിച്ച് വള്ളങ്ങൾ കുതിക്കുന്ന കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button