പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ സ്‌ഫോടനം, 14 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ കുറഞ്ഞത് 18 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൊവ്വാഴ്ച ഒരു രാഷ്ട്രീയ റാലിയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണെന്ന് സംശയിക്കുന്നു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയിലെ (ബിഎന്‍പി) നൂറുകണക്കിന് അംഗങ്ങള്‍ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേശീയ നേതാവും മുന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍ റാലിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാര്‍ക്കിങ് ഏരിയയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു ചാവേര്‍ ബോംബാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു അര്‍ദ്ധസൈനിക കേന്ദ്രത്തിലും സമാനമായ ചാവേര്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ആറ് ഭീകരരും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.