ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കണ്ണൂർ ഡി ഐ ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പരിശോധന നടത്താനും സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം.
അതിർത്തികളിലും ശക്തമായ പരിശോധന നടത്തി വരികയാണ്. കർണാടക – തമിഴ്നാട് പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിട്ടുണ്ട്. അതേസമയം, എത്രയും വേഗം ജയിൽ ചാടിയ പ്രതി ഗോവിന്ദച്ചാമിയെ പിടികൂടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി ജി പി റവാഡ ചന്ദ്രശേഖരനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
ഇന്ന് പുലർച്ചയോടെയാണ് കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സെല്ലിന്റെ കമ്പി മുറിച്ച്, തുണി ഉപയോഗിച്ച് മതിൽ ചാടിയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമിയ്ക്കായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ചരക്ക് വാഹനങ്ങൾ തുടങ്ങിയ ഇടത്തൊക്കെ വ്യാപക തെരച്ചിൽ നടത്തിവരികയാണ്.