KeralaNews

എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ അറിയിച്ചു. സുധീർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കരയിൽ സിപിഐഎം സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചപ്പോള്‍ സുധീർ നേടിയത് 3920 വോട്ടാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയിൽ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്ന് എന്‍ കെ സുധീര്‍ അന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അൻവറിന്റെ പാർട്ടിയുടെ ഭാ​ഗമായി മത്സരിക്കാൻ എൻ കെ സുധീർ തീരുമാനിച്ചത്. പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും തന്നെ ആരും വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നും സുധീര്‍ അന്ന് പറഞ്ഞു. തന്നെ ആശ്വസിപ്പിച്ചത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണെന്ന് സുധീര്‍ കൂട്ടിച്ചേര്‍ത്തു. ചേലക്കരയിലെ ബൂത്ത് പ്രവര്‍ത്തനത്തിലടക്കം പങ്കെടുത്തിരുന്നുവെന്നും സുധീര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിന്റെ പല സ്ഥാനങ്ങളിലുമെത്തി. കഴിഞ്ഞ 15 വര്‍ഷമായി എനിക്കൊരു സീറ്റിനെക്കുറിച്ച് എന്റെ പാര്‍ട്ടി ചിന്തിച്ചിട്ടില്ല. തന്നിട്ടുമില്ല. മൂന്ന് മാസം മുമ്പ് തന്നെ ചേലക്കരയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കെപിസിസി അധ്യക്ഷന്റെ അധ്യക്ഷതയില്‍ ഒരുപാട് യോഗം സംഘടിപ്പിച്ചിരുന്നു. എല്ലാ ബൂത്തിലും പ്രവര്‍ത്തനമുണ്ടായിരുന്നു. ഞാനും പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. എന്നോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. പക്ഷേ പ്രഖ്യാപനത്തിന് ശേഷം എന്റെ പേരില്ല. അത് മാനസിക സംഘര്‍ഷമുണ്ടാക്കി.

ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതിന് ശേഷം 24 മണിക്കൂര്‍ കാത്തിരുന്നു. പ്രധാന നേതാക്കള്‍ വിളിച്ച് ആശ്വസിപ്പിക്കുമെന്ന് കരുതി. ആരും വിളിച്ചില്ല. ഞാന്‍ നെഞ്ചിലേറ്റിയ പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നുവെന്നത് പ്രയാസമായിരുന്നു. അതില്‍ നിന്ന് എന്നെ ആശ്വസിപ്പിച്ചത് അന്‍വര്‍ സാറാണ്. അന്‍വര്‍ മത്സരിക്കാന്‍ പറഞ്ഞു, ക്ഷണം സ്വീകരിച്ചു’, അന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ഒന്ന് രണ്ട് പ്രസംഗങ്ങളാണ് അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്നും സുധീര്‍ പറഞ്ഞു. സത്യസന്ധനായ മനുഷ്യസ്‌നേഹിയായാണ് അദ്ദേഹത്തെ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ കമ്മിറ്റ്‌മെന്റ് മനസിലാക്കിയെന്നും അതുകൊണ്ടാണ് ഡിഎംകെ തിരഞ്ഞെടുത്തതെന്നും സുധീര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയാവുന്ന ഘട്ടത്തില്‍ പറഞ്ഞിരുന്നു. നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കുമ്പോഴും സുധീര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button