‘ശ്രീനിയുമായി 43 കൊല്ലം നീണ്ട സൗഹൃദം : നഷ്ടപ്പെട്ടത് എന്റെ ധൈര്യമെന്ന് മുകേഷ്
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരികപ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം. ഇതുവരെ സൗഹൃദത്തിൽ ഒരു നീരസവും ഉണ്ടായിട്ടില്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്. നല്ല കഥയ്ക്ക് വേണ്ടി ഒരുവിട്ടുവീഴ്ച്ചയും ചെയ്യില്ല.
ഞാനും ശ്രീനിയും ഒരുപാട് സിനിമയിൽ അഭിനയിച്ചു. അദ്ദേഹത്തെ കുറിച്ച് പറയണമെന്ന ഒരു സാഹചര്യം വേണമെന്ന് എന്ന് ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെ ഒരു സാഹചര്യത്തിൽ ആയെന്നത് ദുഖകരം. അദ്ദേഹം ചിരിക്കുന്നത് പോലും എൻജോയ് ചെയ്താണ്.
ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ ശ്രീനി എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിരുന്നു. ഓർക്കാൻ നിരവധി കാര്യങ്ങൾ ഉണ്ട്. ഞങ്ങൾ ഒരുമിച്ച് നിർമിച്ച ചിത്രമാണ് ‘കഥ പറയുമ്പോൾ’ സൗഹൃദത്തിന്റെ സന്ദേശം കൊടുത്ത കഥയാണ്.
മമ്മൂക്കയുടെ അടുത്ത ഞങ്ങൾ ഒരുമിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു. പിന്നീട് തട്ടത്തിൻ മറയത്ത് ഞങ്ങൾ നിർമിച്ചു. രണ്ട് സിനിമയും വിജയിച്ചു. പിന്നീട് ഞങ്ങൾക്ക് സിനിമകൾ നിർമ്മിക്കാൻ സാധിച്ചില്ല.
പിന്നീട് ലൂമിയർ ഫിലിംസ് തിരക്കുകൾ കാരണം കുറച്ച് പിന്നോട്ട് പോയി. മിനിഞ്ഞാന്നും ശ്രീനിവാസൻ വിളിച്ചു. ഇന്ന് രാവിലെ ഇത് കേൾക്കുമ്പോൾ ഇത് തീരാ നഷ്ടമാണ്. ഒരുപാട് ഓർമ്മകൾ തന്നിട്ട് വിട വാങ്ങിയെന്നും മുകേഷ് അനുശോചിച്ചു.

