Uncategorized

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണല്‍

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ മൂന്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയാണ് വിധി പറഞ്ഞത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭ കാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രിക്കെതിരെ വിചാരണ നടന്നത്. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.

സര്‍ക്കാര്‍ ജോലികളിലെ വിവാദപരമായ ക്വാട്ട സമ്പ്രദായം ആയിരുന്നു സര്‍ക്കാരിനെതിരെ ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കാന്‍ ഇടയാക്കിയത്. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങിയതോടെ സൈന്യം നടത്തിയ ഇടപെടലില്‍ 1,400 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകല്‍. ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ ഇടപെടലിന്റെ പിന്നിലെ ‘സൂത്രധാരനും പ്രധാന ശില്പിയും’ ഷെയ്ഖ് ഹസീനയാണെന്നാണ് ആരോപണം.

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ അധികാരം ഉപേക്ഷിച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ശിക്ഷ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ മുന്നറയിപ്പ്. അക്രമത്തിന് മുതിര്‍ന്നാല്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് മേധാവി ഷെയ്ഖ് മുഹമ്മദ് സസത് അലി അറിയിച്ചിട്ടുണ്ട്. വിധി പറയുന്നതിന് മുന്നോടിയായി ധാക്കയില്‍ അവാമി ലീഗ് ‘ബന്ദിന് ‘ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ബന്ദ് ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലെ തെരുവുകള്‍ വിജനമാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button