KeralaNews

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല; കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്

സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വളരെ തന്ത്രപരമായ നീക്കമാണ് സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് നാട്ടില്‍ സ്വീകാര്യത ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഈ നീക്കങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. തുടര്‍നടപടിയുടെ കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജി സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹവുമായി താന്‍ ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടതായി അറിയില്ല. മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കണോ എന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും. തിരക്കു പിടിച്ച് അഭിപ്രായം പറയാവുന്ന സാഹചര്യമല്ല ഇപ്പോഴെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജി സുധാകരനെപ്പോലൊരു പൊതുപ്രവര്‍ത്തകന്‍ നിയമസഭയില്‍ വരേണ്ടത് അത്യാവശ്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിനും, ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുധാകരന്റെ സാന്നിധ്യം നിയമസഭയില്‍ വളരെ നല്ലതാണ്. എന്നാല്‍ സുധാകരനെ പിന്തുണയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണ്. ഒന്നും അന്തിമമായിട്ടില്ല. മത്സരിക്കുമെന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുമായി ആലോചിക്കേണ്ടതുണ്ട്. യുഡിഎഫിനകത്ത് ചര്‍ച്ച നടത്തണം. എന്നിട്ടു മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ; ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും പാര്‍ട്ടിക്ക് ഒരു പുല്ലും സംഭവിച്ചില്ല’
ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ്. സുധാകരനെപ്പോലൊരു കമ്യൂണിസ്റ്റ് നേതാവിനെ അപമാനിച്ച് പുകച്ച് പുറത്തുചാടിച്ചിരിക്കുകയാണ്. സുധാകരന്‍ അനുഭവിക്കുന്ന വേദന അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്. സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബമാണ് സുധാകരന്റേത്. ഇത്തരത്തില്‍ പുകച്ച് പുറത്തുചാടിക്കേണ്ട നേതാവല്ല സുധാകരനെന്നും, സിപിഎമ്മിന്റേത് ഏറ്റവും വലിയ വഞ്ചനയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button