KeralaNews

അടിമാലി മണ്ണിടിച്ചില്‍; ബിജുവിന്റെ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ കോളേജ് ഏറ്റെടുക്കും: വീണാ ജോർജ്

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ തുടര്‍പഠനം കോളേജ് ഏറ്റെടുക്കും. കോട്ടയത്തെ കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജ് ചെയർമാൻ ഇക്കാര്യം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിജുവിന്റെയും സിന്ധുവിന്റെയും മകള്‍. പഠന ഫീസും ഹോസ്റ്റല്‍ ഫീസും അടക്കം തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നാണ് കോളേജിന്റെ ചെയര്‍മാന്‍ ജോജി തോമസ് അറിയിച്ചിരിക്കുന്നത്. ചെയര്‍മാന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

‘അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ പ്രിയ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു . ബിജുവിന്റെ മകള്‍ കോട്ടയത്ത് കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കോളേജിന്റെ ചെയര്‍മാന്‍ ശ്രീ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. ശ്രീ. ജോജി തോമസിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു’, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണിടിച്ചിലില്‍ വീട്ടിനുള്ളിലായിരുന്ന ബിജു മരിച്ചു. ഭാര്യ സന്ധ്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. എന്നാല്‍ ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. വൈകീട്ടോടെ സംസ്‌കാരം നടക്കും. കൂലിപ്പണിക്കാരനായിരുന്ന ബിജുവിന്റെ ഇളയ മകന്‍ ആദര്‍ശ് കഴിഞ്ഞ വര്‍ഷമാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. സന്ധ്യയ്ക്ക് മില്‍മ സൊസൈറ്റിയില്‍ ജോലി ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button